Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഞ്ചു കൊച്ചി സ്വദേശികൾക്കു ടോഗോ ജയിലിൽ നിന്നു മോചനം

released-jail-togo ടോഗോയിൽ ജയിലിലായ മലയാളി യുവാക്കൾക്കൊപ്പം, കേസ് നടത്താൻ എത്തിയ അഭിഭാഷകൻ നിസാർ കോച്ചേരി.

ദോഹ ∙ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ജയിലിൽ നിന്നു കഴിഞ്ഞ ദിവസം മോചിതരായ അഞ്ചു കൊച്ചി സ്വദേശികൾക്കും യാത്രാരേഖകൾ ശരിയാകുന്നതോടെ നാട്ടിലെത്താനാകും. എറണാകുളം എളമക്കര സ്വദേശിക തരുൺബാബു, അങ്കമാലി സ്വദേശി നിധിൻബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂർ സ്വദേശി ഗോഡ്‌വിൻ ആന്റണി, നവീൻ ഗോപി എന്നിവർക്കാണു മൂന്നര വർഷത്തിനു ശേഷം നാട്ടിലെത്താനാകുക. കപ്പലിൽ ജോലിക്കായി ടോഗോയിൽ എത്തിയ ഇവരെ കടൽകൊള്ളക്കാരെന്ന കുറ്റം ചുമത്തി 2013 ജൂലൈയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

released-jail-togo1 നിസാർ കോച്ചേരി ടോഗോയിലെ മറ്റ് അഭിഭാഷകർക്കൊപ്പം

ചൊവ്വാഴ്ച ജയിൽ മോചിതരായ യുവാക്കളെ ടോഗോയിലെ ഇന്ത്യൻ എംബസി ഇടപെട്ട് താമസിപ്പിച്ചിരിക്കുകയാണെന്നും യാത്രാരേഖകൾ ശരിയാകുന്നതോടെ ഉടൻ നാട്ടിലെത്താനാകുമെന്നും ഇവരുടെ കേസ് കൈകാര്യം ചെയ്ത ദോഹയിലെ അഭിഭാഷകൻ നിസാർ കോച്ചേരി പറഞ്ഞു. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മലയാളിയായ അരുണാണ് ഇവരെ 2013 ജൂലൈയിൽ ടോഗോയിലെത്തിച്ചത്. കപ്പലിൽ എത്തിച്ച ശേഷം ജോലി ആരംഭിക്കാൻ വൈകുമെന്ന് അറിയിച്ച് പിന്നീട് ഇവരെ തിരികെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.. ഇതിനിടെയാണ് ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. മോഷണവും മോഷണശ്രമവുമായിരുന്നു കുറ്റം. ഇവരെ ടോഗോയിൽ എത്തിച്ച അരുണും അറസ്റ്റിലായി.

2015ൽ കോടതി ഇവർക്കു നാലു വർഷം തടവും 90 കോടി സിഎഫ്എ ഫ്രാങ്ക് പിഴയും ( 14 ലക്ഷം യുഎസ് ഡോളർ) ശിക്ഷിച്ചു. കേസ് നടപടികൾ മനസ്സിലാക്കാനോ തങ്ങളുടെ നിരപരാധിത്വം തെളിക്കാനായുള്ള നിയമസഹായമോ ഇവർക്കു ലഭിച്ചില്ല. നാട്ടിലെ ബന്ധുക്കൾ രാഷ്ട്രപതി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കു പരാതി നൽകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെയാണ് മോചന ശ്രമത്തിനായി കേരള സർക്കാരും കേന്ദ്ര സർക്കാരും ഇടപെടുന്നത്.

നിയമസഹായം നൽകാനായി ദോഹയിലെ അഭിഭാഷകനായ നിസാർ കോച്ചേരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒന്നര വർഷത്തിനിടെ ആറു തവണ നിസാർ ടോഗോയിലെത്തി കേസ് നടത്തി. കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും ഉൾപ്പെടെയുള്ളവർ ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. രണ്ടു വർഷം ബാക്കി നിൽക്കെയാണു മോചനം. പിഴയായി വിധിച്ച വൻതുക ഇളവു ചെയ്തതാണ് ഇവർക്കു തുണയായത്. പിഴത്തുക ഒഴിവാക്കിയിരുന്നില്ലെങ്കിലും വീണ്ടും ജയിലിൽ തുടരേണ്ടി വന്നേനെ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.