Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദക്ഷിണാഫ്രിക്കയില്‍ കലാപകലുഷിതമായ രാഷ്ട്രീയ നാടകങ്ങള്‍

jacob-zuma

പ്രിട്ടോറിയ∙ രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്‍റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയില്‍ നടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലാദ്യമായി പ്രസിഡന്‍റ് സ്വന്ത ഇഷ്ടപ്രകാരം, എഎന്‍സി പാര്‍ട്ടിയില്‍ ആലോചിക്കാതെ നടത്തിയ ക്യാബിനറ്റ് പുനഃസംഘടനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായിത്തീര്‍ന്നിരിക്കുന്നത്. വൈസ്പ്രസിഡന്‍റ് സിറില്‍ രാമപോസ, പാര്‍ട്ടി ജനറല്‍സെക്രട്ടറി ഗ്വെഡെ മന്‍ഡാഷേ, പാര്‍ട്ടി ട്രഷറര്‍ മ്കീസ്വെ എന്നിവരുമായും ഭരണപക്ഷത്തെ മറ്റു മുഖ്യകക്ഷികളായ സൗത്താഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായും (SACP), കൊസാട്ടുവുമായും (COSATU) കൂടിയാലോചിക്കാതെ നടത്തിയ നീക്കത്തില്‍ പ്രതിഷേധവുമായി പരസ്യമായി ഇവര്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഒരുവര്‍ഷം മുമ്പു രാജ്യത്തെ ധനകാര്യസ്ഥിതി വഷളായി റാന്‍ഡിന്‍റെ മൂല്യം തകര്‍ന്നടിഞ്ഞ ഗുരുതരസാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് തിരികെകൊണ്ടുവന്ന അതീവപ്രഗല്‍ഭനായ പ്രവീണ്‍ ഗോര്‍ഡന്‍ എന്ന സൗത്താഫ്രിക്കന്‍ ഇന്ത്യന്‍ വംശജന്‍ ധനമന്ത്രിയായ ശേഷം ധനകാര്യസ്ഥിതി ഏറെ പുരോഗമിക്കുകയും ഡോളര്‍-റാന്‍ഡ് വിനിമയ നിരക്ക് ഉയരുകയും ചെയ്തു.

വളരെ കര്‍ശനമായ രീതിയില്‍ ധനകാര്യപരിഷ്കരണ നീക്കങ്ങള്‍ നടത്തിയ ധനമന്ത്രിയുടെയും ഡെപ്യൂട്ടി ധനമന്ത്രി മ്സിബിസി ജോനാസിന്‍റെയും നീക്കങ്ങള്‍ ഏറെ താമസിയാതെ തന്നെ സൂമയുടെ സ്വകാര്യതാല്പര്യങ്ങള്‍ക്ക് തിരിച്ചടിയായി. പ്രത്യേകിച്ച് സൂമയുടെ അടുത്ത സുഹൃത്തും, താല്‍പര്യക്കാരുമായ, സഹാറാ കമ്പനി തുടങ്ങിയ വ്യാവസായിക സാമ്രാജ്യങ്ങളുടെ ഉടമയും ഇന്ത്യന്‍ വംശജനുമായ ഗുപ്ത കുടുംബത്തിന്‍റെ തന്നെ. രാജ്യം ഭരിക്കുന്ന പ്രസിഡന്‍റ് ഗുപ്ത കുടുംബത്തിന്‍റെ താല്പര്യമനുസരിച്ചാണ് മിക്ക തീരുമാനങ്ങളും എടുക്കുന്നതെന്നു പ്രതിപക്ഷം ഏറെ നാളായി ആരോപിച്ചു കൊണ്ടിരിക്കുന്നു.

തുടര്‍ച്ചയായി രണ്ടു ഘട്ടങ്ങളിലായി ഭരണം നടത്തിവരുന്ന സൂമ, ഈ വര്‍ഷാവസാനത്തിലെ പാര്‍ട്ടിയുടെ ഇലക്ടീവ് കോണ്‍ഫറന്‍ൻസിലൂടെ 2019ലെ ദേശീയ തിരഞ്ഞെടുപ്പിന് പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ ആറു ഭാര്യമാരില്‍ മൂന്നാമത്തെതും മുന്‍ഭാര്യയുമായ ദ്ലമീനി സൂമയെ എങ്ങനെയും പിടിച്ചിരുത്തുവാനുള്ള തീവ്രശ്രമത്തിലാണ്. ഗുരുതരമായ പല അഴിമതിയാരോപണങ്ങളിലും മുങ്ങിക്കുളിച്ചുനില്‍ക്കുന്ന സൂമയുടെ ജയില്‍വാസം ഒഴിവാക്കുവാന്‍ അത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ പബ്ലിക് പ്രോട്ടെക്ടറുടെ സ്റ്റേറ്റ് ക്യാപ്ച്ചര്‍ റിപ്പോര്‍ട്ടുള്‍പ്പടെ നിരവധി റിപ്പോര്‍ട്ടുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കയാണ് സൂമയിപ്പോള്‍.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം സൂമ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധനകാര്യമന്ത്രി പ്രവീണ്‍ ഗോര്‍ഡന്‍, ഡപ്യൂട്ടി ധനകാര്യ മന്ത്രി ജോനാസ് എന്നിവരെ പുറത്താക്കിക്കൊണ്ടുള്ള വിളംബരം ഏകപക്ഷീയമായി നടത്തുന്നത്. ഉടനടി തന്നെ ഡോളര്‍-റാന്‍ഡ് വിനിമയ നിരക്ക് 12.48 റാന്‍ഡില്‍ നിന്ന്‍ 13.70 ലേക്ക് കൂപ്പുകുത്തി. ഇതിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഡപ്യൂട്ടി പ്രസിഡന്‍റ് രാമപോസയും, പാര്‍ട്ടി ജനറല്‍സെക്രട്ടറി ഗ്വെഡെ മന്‍ഡാഷേയും, പാര്‍ട്ടി ട്രഷറര്‍ മ്കീസ്വെയും ശക്തമായ പ്രതിഷേധം അറിയിച്ചു. ഒപ്പം തന്നെ ഭരണപക്ഷത്തെ മറ്റു മുഖ്യകക്ഷികളായ സൗത്താഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും (SACP), കൊസാട്ടുവും (COSATU) പ്രതിഷേധിക്കയും സൂമ ഉടന്‍ തന്നെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് അലയന്‍സ് (DA) അടിയന്തിരമായി പാര്‍ലമെന്‍റെിന്‍റെ സമ്മേളനം വിളിച്ചുകൂട്ടി അവിശ്വാസപ്രമേയം വഴി സൂമയെ പുറത്താക്കാനുള്ള നടപടിക്കായി സ്പീക്കറെ സമീപിക്കയും ഒപ്പം ക്യാബിനറ്റ് പുനഃസംഘടന അസ്ഥിരപ്പെടുത്തുന്നതിനു കോടതിയെ സമീപിക്കയും ചെയ്തു. എന്നാല്‍ മറ്റൊരു പ്രതിപക്ഷ കക്ഷിയായ ഇക്കണോമിക് ഫ്രീഡം ഫയിറ്റര്‍ (EFF) ഒരു പടി കൂടി കടന്നു പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. 400 അംഗങ്ങളുള്ള പാര്‍ലമെന്‍റെിലെ കക്ഷിനില എഎന്‍സി - 249, ഡിഎ - 89, ഇഎഫ്എഫ് - 25, ഐഎഫ്പി - 10, മറ്റുള്ളവര്‍ - 27.

മുഖ്യപ്രതിപക്ഷകക്ഷിയായ ഡിഎയ്ക്ക് മറ്റു കക്ഷികളെക്കൂടി കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ 151 പേരുടെ പിന്തുണയെ ആകുന്നുള്ളൂ. അങ്ങനെയായാല്‍തന്നെ കുറഞ്ഞത് എഎന്‍സിയില്‍ എതിര്‍ത്ത് നില്‍ക്കുന്ന 50 പേരുടെയെങ്കിലും പിന്തുണ ഉറപ്പിക്കണം അവിശ്വാസം പാസാക്കിയെടുക്കാന്‍. ഇഎഫ്എഫിന്‍റെ ഇംപീച്ച്മെന്‍റ് പരിപാടി ഇതിലും ദുര്‍ഘടമാണ് കാരണം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്‌ അതിനാല്‍ ഇംപീച്ച് ചെയ്യുക അത്ര എളുപ്പമല്ല. എന്നാല്‍ ഡിഎയ്ക്ക് പ്രതീക്ഷയ്ക്ക് ചെറിയ വകയുണ്ടുതാനും. ഏതായാലും ജേക്കബ് സൂമയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല ഇനി വരും നാളുകളില്‍, പ്രത്യേകിച്ച് തന്‍റെ പിന്‍ഗാമിയെ ഉറപ്പിക്കുന്ന കാര്യത്തില്‍ പോലും. രാജ്യം അത്യന്തം ഗുരുതരമായ പ്രതിസന്ധിയില്‍കൂടി കടന്നുപോവുകയാണിപ്പോള്‍.
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.