Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സുഷമയ്ക്കു കീഴിലും എംബസികള്‍ ഇങ്ങനെയോ?; ടാന്‍സാനിയയില്‍ ചെന്നൈ യുവതിക്ക് ദുരനുഭവം

charanya-kannan photo credit: twitter

ദൊഡോമ∙കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു കീഴില്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നവെന്ന പ്രതീക്ഷയില്‍ ടാന്‍സാനിയയിലെ ഇന്ത്യന്‍ എംബസിയിലെത്തിയ ഹാര്‍വാര്‍ഡ് വിദ്യാര്‍ഥിനിയായ ചെന്നൈ യുവതിക്കു നേരിടേണ്ടിവന്നത് മറിച്ചൊരനുഭവം. പഠനത്തിന്റെ ഭാഗമായി ടാന്‍സാനിയയില്‍ എത്തിയപ്പോള്‍ എംബസിയില്‍നിന്നുണ്ടായ നിസഹകരണത്തെക്കുറിച്ച് ചരണ്യ കണ്ണന്‍ എന്ന വീട്ടമ്മ ബ്ലോഗില്‍ എഴുതിയ കുറിപ്പ് തന്റെ ശ്രദ്ധയില്‍പ്പെട്ടതായും ശ്രദ്ധിച്ചു വായിച്ചതായും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ എല്ലാം മോഷണം പോയ ശേഷം എംബസിയിലെത്തിയ ചരണ്യക്ക് അമേരിക്കയിലേക്കു മടങ്ങാന്‍ യാതൊരു അടിയന്തര സഹായവും എംബസിയില്‍നിന്നു ലഭിച്ചില്ല. ഉന്നത ഇടപെടലുകള്‍ ഉണ്ടായതിനു ശേഷമാണ് എംബസി അധികൃതര്‍ പ്രശ്‌നത്തിനു പരിഹാരം കണ്ടത്.

രണ്ടാഴ്ച മുൻപാണ് ചരണ്യ കണ്ണന്‍ നാല്‍പതംഗ സംഘത്തിനൊപ്പം പബ്ലിക്ക്, പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിനെക്കുറിച്ചുള്ള കോഴ്‌സിനായി ടാന്‍സാനിയയിലെ ദാറസ് സലാമിലെത്തിയത്. ചെന്നൈ പോലെ തന്നെ സുന്ദരമായ ഇന്ത്യന്‍ ഭക്ഷണം തനിക്കവിടെ കിട്ടിയെന്ന് ചരണ്യ ബ്ലോഗില്‍ കുറിച്ചു. ഭക്ഷണം കഴിച്ച ശേഷം ടാക്‌സി എടുക്കാതെ നാലു സുഹൃത്തുക്കള്‍ക്കൊപ്പം താമസസ്ഥലത്തേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിക്കു മുന്നിലൂടെയാണ് നടന്നുപോയത്. വിദേശമണ്ണില്‍ ത്രിവര്‍ണ പതാക പാറിക്കളിക്കുന്നതു കണ്ട‌ു മൊബൈലില്‍ ചിത്രം പകര്‍ത്തി.

charanya-kannan02

തുടര്‍ന്നു മുന്നോട്ടു നീങ്ങി റോഡിന്റെ തിരിവില്‍ എത്തിയപ്പോള്‍ പിന്നില്‍നിന്ന് ചുവപ്പു ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ചരണ്യയുടെ ബാഗ് തട്ടിയെടുത്തു മുങ്ങിക്കളയുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്കിനൊപ്പം മുന്നോട്ടോടി തെറിച്ചു വീഴുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ ആർക്കും കഴിഞ്ഞില്ല. ബാഗിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടും ഫോണും പണവും ക്രെഡിറ്റ് കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും നഷ്ടമായി. ശനിയാഴ്ചയായിരുന്നു സംഭവം. പൊലീസില്‍ പരാതി നല്‍കാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവന്നു. പൊലീസ് റിപ്പോര്‍ട്ടും മറ്റുമായി അടുത്ത ദിവസം തന്നെ ഇന്ത്യന്‍ എംബസിയിലെത്തി കോണ്‍സുലാര്‍ ഓഫിസറെ കണ്ടു.

charanya-kannan1

സുഷമാ സ്വരാജിനു കീഴില്‍ എംബസി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വായിച്ചറിഞ്ഞതിന്റെ പ്രതീക്ഷയിലാണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ അസി. ഡീനായ ഗാബേ ഹാന്‍ഡെല്ലിനൊപ്പം എംബസിയിലെത്തിയത്. എന്നാല്‍ മുഖമുയര്‍ത്തി തങ്ങള്‍ക്കു നേരെ ഒന്നു നോക്കാന്‍ പോലും കോണ്‍സുലാര്‍ ഓഫിസര്‍ തയാറായില്ലെന്ന് ചരണ്യ വ്യക്തമാക്കി. മേശപ്പുറത്തു തന്നെ നോക്കിയിരുന്ന് അദ്ദേഹം പരാതി കേട്ടു. പാസ്‌പോര്‍ട്ട് ശരിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നായിരുന്നു ആദ്യപ്രതികരണം. ഇന്ത്യയിലേക്കു പോകാനായി അടിയന്തര സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അവിടെയെത്തി മൂന്നു നാലു മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി അമേരിക്കയിലേക്കു പോകാന്‍ കഴിയുമെന്നും ഓഫിസര്‍ അറിയിച്ചു.

കൈവശം പണമോ ഫോണോ ഇല്ലെന്നും മൂന്നാഴ്ച ടാന്‍സാനിയയില്‍ തങ്ങാന്‍ കഴിയില്ലെന്നും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നു മാസത്തിനുള്ളില്‍ കോഴ്‌സ് തീരും. അതുകൊണ്ട് ഇന്ത്യയില്‍ പോയി കാത്തിരിക്കാനാവില്ലെന്നും ചരണ്യ അറിയിച്ചു. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അമേരിക്കയിലുണ്ടെന്നും ചരണ്യ പറഞ്ഞു. കൂടുതല്‍ പണം നല്‍കിയാല്‍ തത്കാല്‍ സംവിധാനത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നു ചോദിച്ചപ്പോള്‍ രണ്ടുകോടി രൂപ തന്നാലും തന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍സുലര്‍ ഓഫിസറുടെ പ്രതികരണം. വിദേശമന്ത്രിക്കു ട്വീറ്റ് ചെയ്താല്‍ പെട്ടെന്നു നടപടിയുണ്ടാകുമല്ലോ എന്ന് പറഞ്ഞതും ഓഫിസറെ ചൊടിപ്പിച്ചു. നിങ്ങള്‍ ആര്‍ക്കു ട്വീറ്റ് ചെയ്താലും അവര്‍ ഞങ്ങളോടാണു നടപടിയെടുക്കാന്‍ ആവശ്യപ്പെടുക എന്ന് ദേഷ്യത്തില്‍ മറുപടി നല്‍കി. മോഷ്ടാവിനെ പിടികൂടാന്‍ എംബസിക്കു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ലെന്നും അറിയിച്ചു.

നിരാശയായി പുറത്തിറങ്ങിയ ചരണ്യ തനിക്കു മുമ്പ് പരിചയമുള്ള നിരവധി നയതന്ത്രപ്രതിനിധികളുമായി ബന്ധപ്പെട്ട് തന്റെ അവസ്ഥ അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ ടാന്‍സാനിയയിലെ ഡെപ്യൂട്ടി ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ റോബര്‍ട്ട് ഷെട്ട്കിങ്‌ടോണ്‍ നേരിട്ട് ചരണ്യയെ വിളിച്ചു. അടിയന്തര സാഹചര്യത്തില്‍ കൈ കൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് എംബസിയിലെ കമ്പ്യൂട്ടറില്‍ തന്നെ രേഖകള്‍ പൂരിപ്പിക്കാനുള്ള സൗകര്യവും നല്‍കി. കൈ കൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് സ്വീകാര്യമാണെന്ന് ടാന്‍സാനിയയിലെ അമേരിക്കന്‍ എംബസി അറിയിച്ചതോടെ കടമ്പകള്‍ അവസാനിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അമേരിക്കന്‍ വിസ ലഭിച്ച ചരണ്യ അമേരിക്കയിലേക്കു പറന്നു. ട്രംപിന്റെ അമേരിക്കയില്‍ ഇത്തരത്തിലൊരു പാസ്‌പോര്‍ട്ടുമായി ഇറങ്ങുന്നതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ലോഗന്‍ വിമാനത്താവളത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചരണ്യ ബ്ലോഗില്‍ പറയുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.